WELCOME
Saturday, June 22, 2013
പാലോട് യൂണിയന്റെ അറിവിലേക്കൊരു യാത്ര ആറാം വര്‍ഷത്തിലേക്ക്....
പാലോട്. വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് അറിവുകളുടെ നേര്‍ക്കാഴ്ചയൊരുക്കി ബാലജനസഖ്യം പാലോട് യൂണിയന്‍ ആരംഭിച്ച 'അറിവിലേക്കൊരു യാത്ര അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി ആറാം വര്‍ഷത്തിലേക്കു കടന്നു. 'യാത്രയിലൂടെ കാഴ്ചകള്‍ കാഴ്ചകളിലൂടെ അറിവുകളും മാനസിക വികാസവും... എന്ന ലക്ഷ്യത്തോടെ 2008 ജൂണ്‍ മാസത്തില്‍ ചാറ്റര്‍ജി സഖ്യത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിമാസ യാത്ര തിരുവനന്തപുരം സംസ്കൃതി ഭവനില്‍ വച്ചു ശങ്കരച്ചേട്ടന്റെ പ്രതിനിധി ആര്‍. ചന്ദ്രമോഹനന്റെ സാന്നിധ്യത്തില്‍ അന്നത്തെ കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പാണ് ഉദ്ഘാടനം ചെയ്തത്.
പിന്നീടു യൂണിയന്‍ നേരിട്ട് ഏറ്റെടുത്ത പരിപാടി കഴിഞ്ഞ അഞ്ചു വര്‍ഷവും മുടങ്ങാതെ നടന്നുവരുകയാണ്. അഞ്ചു വര്‍ഷത്തിനിടെ ജില്ലയിലെ ഒട്ടുമിക്ക ഗവേഷണ, ചരിത്ര സ്ഥാപനങ്ങളിലും കടന്നെത്തി അറിവുകള്‍ നേരിട്ടു മനസ്സിലാക്കാന്‍ കുട്ടികള്‍ക്കു സാധിച്ചു. സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര, മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ വ്യക്തിത്വങ്ങളെ കാണാനും അവസരമൊരുങ്ങി. മാത്രമല്ല മിക്ക വിനോദകേന്ദ്രങ്ങളിലും എത്തി മാനസിക ഉല്ലാസത്തിനും വഴിതെളിച്ചു. ആറാം വര്‍ഷത്തെ ആദ്യയാത്ര 29ന് 'ആരോഗ്യ അറിവിലേക്കുള്ള യാത്രയായി സംഘടിപ്പിക്കുന്നു. ഡോക്ടര്‍മാരുടെ ക്ളാസുകളടക്കം സംഘടിപ്പിച്ചിട്ടുണ്ട്. മേഖലാ പ്രസിഡന്റ് ആഷ്നാ ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും.