WELCOME
Monday, June 17, 2013
ഒന്നര സെന്റ് ഷെഡില്‍ നരകയാതനയില്‍ അമ്മയും മക്കളും; കനിയാതെ അധികൃതര്‍
പാലോട് . പഞ്ചായത്ത് പുറമ്പോക്കിലെ ഒന്നര സെന്റോളംവരുന്ന ഷെഡില്‍ അന്തിയുറങ്ങുന്ന അമ്മയുടെയും മക്കളുടെയും അവസ്ഥയില്‍ അധികൃതര്‍ക്കു കനിവില്ല. പെരിങ്ങമ്മല പഞ്ചായത്തിലെ കരിമണ്‍കോട് -ചൂണ്ടാമല റോഡിലെ പുറമ്പോക്ക് ഭൂമിയില്‍ കിടക്കുന്ന വല്‍സല (57)യും രണ്ടു മക്കളുമാണു മണ്ണും വീടും എന്ന സ്വപ്നവുമായി കഴിയുന്നത്.
വല്‍സലയ്ക്ക്, മുന്‍പു ബന്ധു ദാനം നല്‍കിയ രണ്ടു സെന്റ് വസ്തു മകള്‍ക്കു സ്ത്രീധനമായി നല്‍കി കെട്ടിച്ചുവിട്ടു. പിന്നീട് അന്തിയുറങ്ങാന്‍ ഇടമില്ലാതെവന്നതോടെ പഞ്ചായത്ത് പുറമ്പോക്കില്‍ പ്ളാസ്റ്റിക് വലിച്ചുകെട്ടി ഓലകൊണ്ടു ചാരി മറച്ചു ഷെഡുണ്ടാക്കി കുടിയേറി.
ഇതിനിടെ പലതവണ ഗ്രാമസഭയില്‍ മണ്ണിനും വീടിനും അപേക്ഷ നല്‍കിയെങ്കിലും ആരും ചെവിക്കൊണ്ടില്ല. മക്കള്‍ കൂലിവേലയ്ക്കു പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോള്‍ ജീവിതം. ഒരുപിടി മണ്ണും അതില്‍ ചോരാതെ കിടക്കാന്‍ ഒരു കൂരയും എന്ന സ്വപ്നവുമായി അധികൃതരുടെ കനിവ് തേടുകയാണു വല്‍സലയും മക്കളും.