ബിമല്‍ പേരയം
__________________
__________________
പാലോട്: ചെല്ലഞ്ചി സ്കൂളിലെ ഒന്നാംക്ലാസില്‍ എല്ലാ വിഷയത്തിനും ഒന്നാമനാകാന്‍ അരുണ്‍മാത്രം. ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിനുമുമ്പ് ഒരാളെങ്കിലും അരുണിന് കൂട്ടായെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപകര്‍. കണക്കെടുപ്പ് കഴിഞ്ഞപ്പോള്‍ പക്ഷേ ഒന്നാംക്ലാസില്‍ അരുണ്‍മാത്രം. എന്നാല്‍, ഒന്നില്‍ ഒറ്റയ്ക്കാണെന്ന ഭാവമൊന്നും അരുണിനില്ല. സ്കൂളില്‍ രണ്ടുമുതല്‍ നാലുവരെ ക്ലാസുകളിലെ ചേട്ടന്മാരും ചേച്ചിമാരുമായി 25 പേര്‍ അവന് കൂട്ടുണ്ട്. ഒന്നാംക്ലാസിനെ അനാഥമാക്കാതെ വന്നുചേര്‍ന്ന കുട്ടിയോട് അധ്യാപകര്‍ക്ക് പ്രത്യേക വാത്സല്യമുണ്ട്. പാണയം ധൂളിക്കുന്ന് അരുണ്‍നിവാസില്‍ അനില്‍കുമാര്‍- രമ്യ ദമ്പതികളുടെ മകനാണ്. നന്ദിയോട് പഞ്ചായത്തിലാണ് ചെല്ലഞ്ചി ഗവ. എല്‍പിഎസ്. കഴിഞ്ഞവര്‍ഷം 39 കുട്ടികളുണ്ടായിരുന്നു. ഒന്നാംക്ലാസില്‍ പത്തുപേരും. ഇത്തവണ ആകെ കുട്ടികളുടെ എണ്ണം 26. പ്രധാനാധ്യാപിക അനിലകുമാരിമാത്രമാണ് സ്ഥിരം അധ്യാപിക. കൂടെ രണ്ടു താല്‍ക്കാലിക അധ്യാപകരും. സമീപപ്രദേശങ്ങളിലെ സ്കൂളുകള്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങി വാഹനസൗകര്യവും ഏര്‍പ്പെടുത്തിയതോടെയാണ് ചെല്ലഞ്ചി സ്കൂളിന് കഷ്ടകാലം തുടങ്ങിയത്. അഞ്ചോളം സ്കൂളുകളുടെ വാഹനങ്ങള്‍ ഈ സ്കൂളിന്റെ പരിസരങ്ങളിലെത്തി കുട്ടികളെ കൊണ്ടുപോകുന്നു. രണ്ടു കിലോമീറ്ററോളം അമ്മയോടൊപ്പം നടന്നാണ് അരുണ്‍ സ്കൂളിലെത്തുന്നത്. വര്‍ണങ്ങള്‍ പൂശിമിനുക്കിയ ക്ലാസ്മുറികളില്‍ മികച്ച അടിസ്ഥാനസൗകര്യങ്ങളുണ്ട്. പിടിഎയുടെ സഹായത്തോടെ സ്കൂളിന്റെ പ്രതാപകാലം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധ്യാപകര്‍. വാമനപുരം നദിക്കുകുറുകെ പണി നടന്നുകൊണ്ടിരിക്കുന്ന ചെല്ലഞ്ചി പാലം പൂര്‍ത്തിയായാല്‍ കൂടുതല്‍ കുട്ടികള്‍ എത്തുമെന്ന പ്രതീക്ഷയും അധ്യാപകര്‍ പങ്കുവയ്ക്കുന്നു. പാലോട് ഉപജില്ലയില്‍ ചെല്ലഞ്ചി സ്കൂളിന് കൂട്ടായി മേത്തൊട്ടി ട്രൈബല്‍ എല്‍പിഎസുമുണ്ട്. ഇവിടെയും ഒന്നാംക്ലാസില്‍ ഒരാള്‍ മാത്രമേയുള്ളൂ- ആദര്‍ശ്. അതേസമയം, പൊന്മുടി ഗവ. എല്‍പി സ്കൂളിലെ ഒന്നാംക്ലാസില്‍ ഒരു കുട്ടിപോലും ചേര്‍ന്നില്ല. - See more at: http://www.deshabhimani.com/newscontent.php?id=309726#sthash.I62iOVRB.dpuf