പാലോട്: 'സമഗ്ര വികസനഗ്രാമം' പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എയെ തടഞ്ഞുവച്ച് നാല് കിലോമീറ്റര്‍ നടത്തിച്ച സംഭവത്തില്‍ സി.പി.എം. പുലര്‍ത്തിയ മൗനം പുറത്തുകൊണ്ടുവരുന്നത് പാര്‍ട്ടിയിലെ വിഭാഗീയത. വിതുര ഏര്യാകമ്മിറ്റിയും പെരിങ്ങമ്മല ലോക്കല്‍ കമ്മിറ്റിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വെഞ്ഞാറമൂട് ഏര്യാകമ്മിറ്റിയെ പ്രതിനിധാനം ചെയ്യുന്ന എം.എല്‍.എയോട് വിതുര ഏര്യാകമ്മിറ്റിക്കുള്ള താത്പര്യക്കുറവുമാണ് സംഭവത്തില്‍ സി.പി.എം. തികഞ്ഞ അവഗണന കാട്ടാന്‍ ഇടയാക്കിയത്.
വിതുര ഏര്യാകമ്മിറ്റിയുടെ കീഴില്‍ വരുന്ന പ്രദേശത്താണ് എം.എല്‍.എയെ നാട്ടുകാര്‍ തടഞ്ഞുവച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് ഏര്യാകമ്മിറ്റിയോ പെരിങ്ങമ്മല ലോക്കല്‍ കമ്മിറ്റിയോ എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റികളോ യാതൊരു പ്രസ്താവനകളും നടത്താതിരുന്നത് ഏറെ ചര്‍ച്ചക്കിടയാക്കിയിരുന്നു. സി.പി.എം. ജില്ലാകമ്മിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടാകാത്തതും അണികളില്‍ സംശയങ്ങള്‍ക്ക് ഇടനല്‍കി. സംഭവം നടന്നതിന്റെ അടുത്തദിവസം തന്നെ എം.എല്‍.എ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും താഴേതട്ടിലുള്ള ഒരു കമ്മിറ്റിയും ഇതും സംബന്ധിച്ച് പ്രതികരിച്ചില്ല.
എം.എല്‍.എ. തങ്ങളെ ആരേയും അറിയിച്ചിട്ടല്ല ശാസ്താംനടയില്‍ എത്തിയതെന്നാണ് ലോക്കല്‍ കമ്മിറ്റി, ഏര്യാകമ്മിറ്റി എന്നിവയുടെ പ്രതികരണം. എം.എല്‍.എയുടെ പൊതുപരിപാടികള്‍ സംഘടനാതലത്തില്‍ അറിയിക്കണമോ എന്ന മറുചോദ്യവുമുണ്ട്. പെരിങ്ങമ്മല ലോക്കല്‍ കമ്മിറ്റി നേതൃത്വം എം.എല്‍.എയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും യുവജനസംഘടനകള്‍ ഉള്‍പ്പെടുന്ന അണികള്‍ക്ക് ജില്ലാസെക്രട്ടേറിയറ്റ് അംഗം വി.കെ.മധുവിനോടാണ് താല്പര്യം. ഏര്യാകമ്മിറ്റിക്കാകട്ടേ പെരിങ്ങമ്മല ലോക്കല്‍ കമ്മിറ്റി നേതൃത്വത്തോട് വലിയ താല്പര്യവുമില്ല. എം.എല്‍.എ യെ പിന്തുണക്കുന്ന ലോക്കല്‍ കമ്മിറ്റി നേതൃത്വം ആയതിനാല്‍ ഏര്യകമ്മിറ്റിയും ഈ വിഷയത്തില്‍ മൗനം പാലിച്ചു.
സി.പി.എം. മടത്തറ ലോക്കല്‍ കമ്മിറ്റി അംഗം കൊല്ലായില്‍ സുലൈമാന്‍ സംഭവദിവസം എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. ശാസ്താംനടയില്‍ എം.എല്‍.എയെ തടഞ്ഞതില്‍ സി.ഐ.ടി.യു. തൊഴിലാളികളും സജീവമായി ഉണ്ടായിരുന്നു. എം.എല്‍.എ. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നടത്താന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ മണ്ണെണ്ണ വിളക്കു കത്തിച്ചാണ് അവരുടെ പ്രതിഷേധം അറിയിച്ചത്.