വിതുര: ഒരു വാര്‍ഡ് ഒന്നടങ്കം ഇരുട്ടില്‍ കഴിയുന്ന ബോണക്കാട്ടെ എല്ലാ കുടുംബങ്ങളിലും സൂര്യവെളിച്ചമെത്തുന്നു. റോട്ടറി ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്ട് 3211 ആണ് ബോണക്കാട്ടെ കുടുംബങ്ങള്‍ക്ക് സൗരവിളക്ക് നല്‍കുന്നത്. സൗരോര്‍ജം വിവാദമാകുമ്പോള്‍ ബോണക്കാട്ട് ഞായറാഴ്ച നടന്ന 'സോളാര്‍ പരിപാടി' വ്യത്യസ്തമായി.
ബോണക്കാട് തോട്ടം മാനേജ്‌മെന്റ് വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് പ്രധാന കെട്ടിടങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പട്ടിണിയിലായ തൊഴിലാളികളുടെ ലായങ്ങളില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ആരും ശ്രമിച്ചതുമില്ല. ഈ സാഹചര്യം വിതുര പഞ്ചായത്തംഗം ഗിരീഷ് കുമാര്‍ റോട്ടറി ഇന്റര്‍ നാഷണല്‍ പ്രോജക്ട് ഓഫീസര്‍ ജോണ്‍സണ്‍ വാവച്ചന്റെ ശ്രദ്ധയില്‍പ്പെടുത്തി. നൂറ്റിഅന്‍പതോളം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം കിട്ടും. സൗരോര്‍ജ പാനലിനും മൂന്ന് വിളക്കുകള്‍ക്കുമായി ഓരോ വീട്ടിനും 24000 ത്തോളം രൂപ റോട്ടറി ഇന്റര്‍നാഷണല്‍ ചെലവിടും.
ഡിസ്ട്രിക്ട് ഗവര്‍ണര്‍ പി.ജി.മുരളീധരന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തി ജി.നായര്‍, അംഗങ്ങളായ മറിയക്കുട്ടി, അംബിക, റോട്ടറി പ്രസിഡന്റ് രമേഷ് കുമാര്‍, ബിനുജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.