പാലോട്: വീട്ടുവളപ്പില്‍ അവശനിലയില്‍ കണ്ട യുവാവ് മരിച്ചതില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കരിമണ്‍കോട് കൊച്ചടപ്പുപാറ അശ്വതിഭവനില്‍ മുകുന്ദനാണ് (42) കഴിഞ്ഞ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഭാര്യയും കുട്ടികളും താമസിച്ചിരുന്ന വീട്ടുവളപ്പിലാണ് മുകുന്ദനെ അവശനിലയില്‍ കണ്ടെത്തിയത്. കെ.എസ്.ഇ.ബിയില്‍ ലൈന്‍മാനായ മുകുന്ദന്‍ ഒരു മാസത്തോളമായി ജോലിസ്ഥലമായ മടവൂരില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ 12ന് മുകുന്ദന്‍ മദ്യപിച്ച് അവശനിലയില്‍ വീടിന് സമീപം കിടക്കുന്നുവെന്ന് ഭാര്യ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലെത്തിയ സഹോദരന്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയം പാലോട് സ്റ്റേഷനിലെ രണ്ട് പോലീസുകാരും അവിടെ ഉണ്ടായിരുന്നു. വിളിച്ചറിയിച്ച് രണ്ട് മണിക്കൂറിനു ശേഷമാണ് സ്ഥലത്തെത്തിയതെന്ന് മുകുന്ദന്റെ സഹോദരന്‍ പ്രഭുല്ലചന്ദ്രന്‍ പറയുന്നു. അവശനിലയിലായതിനാല്‍ പിന്നീട് മുകുന്ദനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അബോധാവസ്ഥയില്‍ പതിമൂന്ന് ദിവസം ആശുപത്രിയില്‍ കിടന്ന മുകുന്ദനെ മരിക്കുന്നതുവരെ ഭാര്യയോ ബന്ധുക്കളോ കാണാനെത്തിയില്ല.
മരിച്ചുകഴിഞ്ഞ് മൃതദേഹം ആവശ്യപ്പെട്ട് മാത്രമാണ് ഇവര്‍ വന്നത്. എന്നാല്‍ മരണത്തില്‍ സംശയമുള്ളതിനാല്‍ ഞാറനീലിയിലെ കുടുംബവളപ്പില്‍ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. മരണത്തിലെ ദുരൂഹത അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുകുന്ദന്റെ ബന്ധുക്കള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.