പാലോട്. വെള്ളക്കെട്ട് റോഡില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പകരം ടാറിങ് നടത്തിയതുമൂലം രണ്ടുമാസം തികയുന്നതിനു മുന്‍പ് തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞു വീണ്ടും ദുരിതക്കയമായി 3,61,558 രൂപ ചെലവിട്ടു ബ്ളോക്ക് പഞ്ചായത്തിനു കീഴില്‍ ടാറിങ് നടത്തിയ നന്ദിയോട് പഞ്ചായത്തിലെ പച്ച- ഓട്ടുപാലം- ക്ഷേത്രം റോഡാണ് അല്‍പായുസായി പൊളിഞ്ഞിളകി ചെളിക്കെട്ടായി മാറിയത്.
വളരെ നാളായി തന്നെ റോഡ് ചെളിക്കളമായി ദുരിതത്തില്‍ കിടന്നിരുന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ സമീപത്തു പ്രവര്‍ത്തിച്ചിരുന്നു ടാര്‍ പ്ളാന്റിലെ വേസ്റ്റ് റോഡില്‍ തട്ടി കുഴികള്‍ അടച്ചിരുന്നു. എസ്റ്റിമേറ്റെടുക്കാന്‍ വന്നപ്പോള്‍ വാര്‍ഡ് അംഗവും നാട്ടുകാരും കോണ്‍ക്രീറ്റ് ചെയ്യണമെന്നു പറഞ്ഞെങ്കിലും റോഡില്‍ ടാര്‍ കിടക്കുന്നതിനാല്‍ കോണ്‍ക്രീറ്റ് ചെയ്യാനൊക്കില്ലെന്ന് എഇയും ഓവര്‍സിയറും പറഞ്ഞുവത്രെ.
ചെറു മഴയത്തു പോലും ഊറ്റുണ്ടാകുന്ന റോഡില്‍ ടാര്‍ ചെയ്യുന്നത് അശാസ്ത്രീയമാണെന്നു നാട്ടുകാര്‍ ബോധ്യപ്പെടുത്തിയെങ്കിലും അതൊന്നും ചെവിക്കൊള്ളാതെയാണു ടാറിങ് നടത്തിയത്. നൂറുമീറ്റര്‍ പ്രദേശത്തു നടത്തിയ ടാറിങ്ങാണു പൊട്ടിപ്പൊളിഞ്ഞത്. ബാക്കി പച്ച ജംക്ഷന്‍ വരെയുള്ള ഭാഗം വന്‍ കുഴികള്‍ രൂപം കൊണ്ട നിലയിലുമാണ്. റോഡ് തകര്‍ച്ചയിലെ അഴിമതി അന്വേഷിക്കണമെന്നു സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) ജില്ലാ സെക്രട്ടറി ജി.ടി. ബാലു, യുവജനത ജില്ലാ കമ്മിറ്റിയംഗം ബാബു നാരായണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.