പാലോട്: ആദിവാസി കുടുംബത്തില്‍പ്പെട്ട സഹോദരങ്ങളുടെ റബ്ബര്‍മരങ്ങള്‍ അക്രമികള്‍ വാളുപയോഗിച്ച് മുറിച്ചുതള്ളിയതായി പരാതി. മടത്തറ, ഒഴുകുപാറ, കലയപുരം സെറ്റില്‍മെന്റില്‍ ഉള്‍പ്പെട്ട പ്രതാപ്‌സിങ്, സഹോദരി ശ്രീലത, ദീപ എന്നിവരുടെ കുടുംബ ഓഹരിയില്‍പ്പെട്ട 25 റബ്ബര്‍ മരങ്ങളാണ് കഴിഞ്ഞദിവസം വെട്ടി നശിപ്പിച്ചത്. സംഭവം നടന്ന് ആഴ്ച ഒന്നു കഴിഞ്ഞിട്ടും പ്രതികളെ പോലീസ് പിടികൂടിയില്ലെന്നും രാഷ്ട്രീയ ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
നാലു വര്‍ഷം പ്രായമുള്ള റബ്ബര്‍ മരങ്ങളാണ് മുറിച്ചു മാറ്റിയത്. പ്രതാപ്‌സിങ് വിമുക്തഭടനാണ്. ഇദ്ദേഹത്തിന്റെ ഓഹരിയില്‍ നിന്ന് 11 മൂടും സഹോദരിയും സെക്രട്ടേറിയറ്റ് ജീവനക്കാരിയുമായ ദീപയുടെ വസ്തുവില്‍ നിന്ന് എട്ടുമൂടും ശ്രീലതയുടെ വസ്തുവില്‍ നിന്ന് ആറുമൂടും റബ്ബര്‍ മരങ്ങളാണ് മുറിച്ചുമാറ്റിയത്. സമൂഹവിരുദ്ധരായ ചിലര്‍ സംഭവദിവസം കൈവാളുകളുമായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ പ്രതിയാക്കി പാലോട് പോലീസിലും കുളത്തൂപ്പുഴ റേഞ്ച് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണമോ, അറസ്റ്റോ ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
പത്രസമ്മേളനത്തില്‍ ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരന്‍ കാണി, പ്രതാപ് സിങ്, ശ്രീലത, ദീപ എന്നിവര്‍ പങ്കെടുത്തു.