പാലോട്: പട്ടികജാതിക്കാരായ അമ്മയെയും മകളെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിലെ ഒന്നാം പ്രതി പെരിങ്ങമ്മല എന്‍.എസ്.എസ്. ജങ്ഷന്‍, വെള്ളായണികോണത്ത് അമൃതാലയത്തില്‍ ശരവണ്‍ ചന്ദ്രന്‍ (34) അറസ്റ്റില്‍. പാലോട് എസ്.ഐ. ഡി.ഷിബുവും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെരിങ്ങമ്മല പ്ലാമൂട് വയലരികത്തുവീട്ടില്‍ ഗോമതി, മകള്‍ ചന്ദ്രിക എന്നിവരെയാണ് ശരവണ്‍ ചന്ദ്രനും ഭാര്യാപിതാവായ വിലാസനനും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചത്. ഈ മാസം രണ്ടിന് പ്ലാമൂട്ടില്‍ വെച്ചായിരുന്നു സംഭവം.
കൈയ്ക്ക് വെട്ടേറ്റ ഗോമതി ഇപ്പോഴും പാലോട് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. മകള്‍ ചന്ദ്രികയ്ക്കും മര്‍ദനത്തില്‍ കാര്യമായ പരിക്കുകളുണ്ട്.
പട്ടികജാതി- പട്ടികവര്‍ഗ സംയുക്ത സമിതി സംസ്ഥാന സെക്രട്ടറിയായ ശരവണ്‍ ചന്ദ്രന്‍ പെരിങ്ങമ്മല പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിന്റെ പ്രൊമോട്ടര്‍ കൂടിയാണ്. പ്രതിയെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ രണ്ടാംപ്രതി വിലാസനനെ അറസ്റ്റ് ചെയ്തിട്ടില്ല.