കാറ്റ്: പെരിങ്ങമ്മലയില്‍ വൈദ്യുതി മേഖലയ്ക്ക് അഞ്ച് ലക്ഷത്തിന്റെ നഷ്ടം
പാലോട്. കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതു മൂലം പെരിങ്ങമ്മല ഇലക്ട്രിക് സെക്ഷനു കീഴില്‍ അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ദൈവപ്പുര, ഇക്ബാല്‍കോളജ്, പൂന്തോട്ടം, ഞാറനീലി, വട്ടക്കരിക്കകം, ഇലവുപാലം, എക്സ് കോളനി തുടങ്ങിയ പ്രദേശങ്ങളിലായി മുപ്പതോളം പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാനുള്ള തീവ്രശ്രമം തുടരുന്നതിനിടെ ഇന്നലെ വീണ്ടുമുണ്ടായ കാറ്റില്‍ കൂടുതല്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മരം റോഡിനു കുറുകെ വീണു ഗതാഗതം തടസ്സപ്പെട്ടു
വിതുര. ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും വിതുര ഗ്രാമ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും തൊളിക്കോട് ഗ്രാമ പഞ്ചായത്തിലെ ചിലയിടങ്ങളിലും വ്യാപക നാശം. ചിലയിടങ്ങളില്‍ വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം ഏതാണ്ടു പൂര്‍ണമായും നിലച്ചു. വ്യാപകമായ കൃഷിനാശവുമുണ്ട്. മഴയും കാറ്റും അരമണിക്കൂറോളം നീണ്ടു. ശക്തമായ കാറ്റില്‍ വിതുര ചേന്നന്‍പാറ ജോടെക്കിനു സമീപമുള്ള തണല്‍ മരം ഒടിഞ്ഞു റോഡിനു കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് മരം വെട്ടിമാറ്റിയതിനു ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
വേളാങ്കണ്ണി പള്ളിക്കു സമീപം മരം ഒടിഞ്ഞുവീണ് വിതുര സ്വദേശിയുടെ കാറിന്റെ ഗാസുകള്‍ തകര്‍ന്നു. ഇവിടെയും അല്‍പനേരം ഗതാഗത തടസ്സമുണ്ടായി. വിതുര, ചേന്നന്‍പാറ, പഞ്ചായത്ത് ഓഫിസ് ജംക്ഷന്‍, പൊലീസ് സ്റ്റേഷന്‍ കവാടം, ചായം, കോട്ടിയത്തറ, ചപ്പാത്ത്, ദര്‍പ്പ എന്നിവിടങ്ങളില്‍ മരങ്ങളൊടിഞ്ഞു വീണ് വൈദ്യുതിലൈനുകള്‍ തകര്‍ന്നു. ഇവിടങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
ചിലയിടങ്ങളില്‍ ഇന്ന് ഉച്ചയോടെ മാത്രമേ പൂര്‍ണതോതില്‍ വൈദ്യുതി പുനഃസ്ഥാപനം സാധ്യമാവുകയുള്ളൂവെന്നു വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഇന്നലെ വൈദ്യുതി തടസ്സപ്പെട്ടു.
ചുഴലിക്കാറ്റും മഴയും: പാലോട് മേഖലയില്‍ വന്‍ നാശം വിതച്ചു
പാലോട്. ഇന്നലെ വൈകിട്ടോടെ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ പാലോട് മേഖലയില്‍ വ്യാപക നാശം. മരങ്ങള്‍ ഒടിഞ്ഞു വീണും മേല്‍ക്കൂര കാറ്റെടുത്തും അനവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി വിതരണം പൂര്‍ണമായും നിലച്ചു. ചെങ്കോട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി ഗതാഗത സര്‍വീസ് നിലച്ചു. നന്ദിയോട് പഞ്ചായത്തില്‍ പ്ളാവറ എസ്ജെഎ ഹൌസില്‍ ശ്രീകുമാറിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കാറ്റെടുത്തു.
പ്ളാവറ ചരുവിള വീട്ടില്‍ തങ്കപ്പന്‍ പിള്ളയുടെ വീടിനു മേല്‍ തെങ്ങുമരം കടപുഴകി വീണു വീട് ഭാഗികമായി തകര്‍ന്നു. നന്ദിയോട് പൌവത്തൂര്‍ പോങ്ങുംമൂട്ടില്‍ ഓമനയുടെ ഓടിട്ട വീടിനു മേല്‍ പ്ളാവ് മരം ഒടിഞ്ഞു വീണു പൂര്‍ണമായും തകര്‍ന്നു. പാപ്പനംകോട് പോസ്റ്റ് ഓഫിസിനു സമീപം നൌഷാദിന്റെ വീടിനു മേല്‍ മരംഒടിഞ്ഞു വീണ് വീട് തകര്‍ന്നു. വീടു തകര്‍ന്ന പലരും അയല്‍വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. വ്യാപകമായ കൃഷി നാശവും ഉണ്ട്. ഇന്നലെ ആറു മണിയോടെ ശക്തമായ ഇടിയോടുകൂടി ആരംഭിച്ച കനത്ത മഴയും കാറ്റും ഒരു മണിക്കൂറോളം നീണ്ടു. വ്യാഴാഴ്ച ഉണ്ടായ കനത്ത കാറ്റില്‍ സംഭവിച്ച നഷ്ടങ്ങള്‍ക്കിടെയാണ് ഇന്നലെ വീണ്ടും കാറ്റ് നാശം വിതച്ചത്.