പാലോട്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ k കാര്‍ ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ പോയ സംഭവത്തില്‍ പരുക്കേറ്റു ചികില്‍സയില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് പുലിപ്പാറ വി.ആര്‍ ഹൌസില്‍ വിജയകുമാര്‍ (40) ഇന്നലെ മരിച്ചു. ഭാര്യ രജനി (38) കണ്ണിനു സാരമായ പരുക്കുകളോടെ ചികില്‍സയിലാണ്.
ഇക്കഴിഞ്ഞ ഒന്‍പതിന് വൈകുനേരം 4.30നു തിരുവനന്തപുരം - ചെങ്കോട്ട റോഡില്‍ ഇളവട്ടം പോസ്റ്റ് ഓഫിസിനു സമീപം വച്ചാണു സംഭവം. നന്ദിയോട് ആനകുളത്തെ രജനിയുടെ വീട്ടിലേക്കു വരവെ എതിരെ അമിത വേഗത്തില്‍ വന്ന കാറാണ് ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയത്. തെറിച്ചു വീണ രണ്ടുപേര്‍ക്കും തലയ്ക്കു സാരമായ പരുക്കേറ്റിരുന്നു. രജനിക്കു കണ്ണിനും ഗുരുതര പരുക്കേറ്റു.
നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പിറ്റേ ദിവസം തന്നെ പാലോട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും വാഹനത്തെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നെടുമങ്ങാട് ആര്‍ടിഒയുടെ കീഴില്‍ റജിസ്ട്രേഷനുള്ള എര്‍ട്ടിക എന്ന കാറാണു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചതെന്നും ബൈക്കു തെറിച്ചു വീഴുന്നതു കാറില്‍ ഇരുന്ന സ്ത്രീകള്‍ തല പുറത്തേക്കിട്ടു നോക്കിയെങ്കിലും നിര്‍ത്തിയില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു. പൊട്ടിവീണ കാറിന്റെ വീല്‍കപ്പ് സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.
മാത്രവുമല്ല എര്‍ട്ടിക എന്ന വാഹനം വളരെ കുറച്ചു മാത്രമെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളു
എന്നിരിക്കെ കാറിനെ പിടികൂടാത്തതിനു പിന്നില്‍ പൊലീസിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണെന്നു ബന്ധുക്കള്‍ പറയുന്നു. കാറിനെ കണ്ടെത്താന്‍ അടിയന്തര നടപടിവേണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അടുത്തിടെ ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ വിജയകുമാറിന്റെ അകാലത്തിലുള്ള മരണം പുലിപ്പാറ ഗ്രാമത്തെയും ബന്ധുക്കള്‍ താമസിക്കുന്ന നന്ദിയോട്, ആലംമ്പാറ, ആനക്കുഴി, ആനകുളം എന്നീ ഗ്രാമങ്ങളെയും കണ്ണീരിലാഴ്ത്തി. സംസ്കാര ചടങ്ങുകള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുലിപ്പാറയിലെ വീട്ടില്‍ നടന്നു. വിജിത(10), വിനിത(ആറ് ) എന്നിവര്‍ മക്കളാണ്.