വിതുര. മധ്യ വേനല്‍ഉച്ചസ്ഥായിയിലേക്കെത്തിയതോടെ വിതുരയുടെ ജീവരേഖ എന്നു വിളിപ്പേരുള്ള കല്ലാര്‍ വരണ്ടുണങ്ങിയ അവസ്ഥയില്‍. ഉല്‍ഭവ സ്ഥലം മുതലേ വെള്ളം ഇല്ലാത്ത അവസ്ഥയാണ്. ചെറു നീര്‍ച്ചാലു പോലെയാണു പലയിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക്. ചിലയിടങ്ങളില്‍ കല്ലുകള്‍ മാത്രമാണു കാണാനാകുന്നത്.
വാമനപുരം നദിയുടെ ആദ്യ ജലവഴി കൂടിയായ കല്ലാറിന്റെ ശോഷണം നദിയെ ആശ്രയിച്ചു മുന്നോട്ടു പോകുന്നു സമീപ പ്രദേശങ്ങളിലുള്ളവരേയും ബുദ്ധിമുട്ടിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ മഴ പെയ്തിരുന്നുവെങ്കിലും നദിയുടെ ജല നിരപ്പ് ഉയര്‍ത്തുന്ന തരത്തിലുള്ള മാറ്റം ഉണ്ടായിട്ടില്ല. ജല ക്ഷാമം പലയിടങ്ങളിലും രൂക്ഷം തന്നെ.
മണലൂറ്റും മാലിന്യം തള്ളലും സ്ഥിരം സംഭവമായതിനെത്തുടര്‍ന്നു കൂടുതല്‍ ദയനീയാവസ്ഥയിലേക്കു കൂപ്പു കുത്തുകയാണു കല്ലാര്‍ നദി. പലയിടങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ നദിയിലേക്കെത്തുന്നതു പതിവായ നിലവിലത്തെ സാഹചര്യം കല്ലാറിനു ചരമ ഗീതം വായിക്കും പോലെയാകുന്നുണ്ട്. ഇതോടെ ഉള്ള വെള്ളം മലിനമായി ഉപയോഗ ശൂന്യമായ അവസ്ഥയിലാണു പലയിടത്തും.
കല്ലാറിന്റെ തീരങ്ങളില്‍ ചിലയിടങ്ങളില്‍ മദ്യപ സംഘങ്ങള്‍ തമ്പടിക്കുന്ന കാഴ്ചയും കാണാം. പലയിടങ്ങളിലും മദ്യക്കുപ്പികള്‍ നദിയിലേക്കു വലിച്ചെറിയപ്പെടുന്നുണ്ട്. നദിയിലിറങ്ങുന്നവര്‍ക്കു കുപ്പിച്ചില്ലുകള്‍ കൊണ്ടു അപകടങ്ങളുണ്ടാകുന്നതായും വിവരമുണ്ട്. നഗരങ്ങളില്‍ നിന്നുമുള്ള സംഘങ്ങളാണു പലപ്പോഴും കല്ലാറിന്റെ ഭാഗങ്ങളില്‍ തമ്പടിക്കുന്നത്.