ഇന്ന് വിതുരയില്‍ ഹര്‍ത്താല്‍
വിതുര: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്‍പ്പെട്ട വിതുര വില്ലേജില്‍ കഡസ്ട്രല്‍ ഭൂപടത്തിന്റെ ജോലി വൈകുന്നതായി ആരോപിച്ച് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് വെള്ളിയാഴ്ച വൈകീട്ടുവരെ ഉപരോധിച്ചു. പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് മാറ്റിയശേഷമാണ് പഞ്ചായത്ത് ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനായത്. ഭൂപടജോലി വൈകുന്നതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പഞ്ചായത്ത് പരിധിയില്‍ എല്‍.ഡി.എഫ്. ഹര്‍ത്താലും പ്രഖ്യാപിച്ചു.
വിതുര വില്ലേജില്‍ നിരവധി വന്‍കിട തോട്ടങ്ങള്‍ ഉണ്ട്. ഇവയുടെ ഉടമസ്ഥരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാരവാഹികളുമാണ് പഞ്ചായത്തോഫീസിലെത്തി ആദ്യം പ്രതിഷേധിച്ചത്. കഡസ്ട്രല്‍ ഭൂപട ജോലിക്കായി പഞ്ചായത്ത് സെക്രട്ടറി വെള്ളിയാഴ്ച വിളിച്ച യോഗത്തില്‍ വനം, റവന്യൂ ഉദ്യോഗസ്ഥര്‍ എത്താത്തത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. തുടര്‍ന്ന് എല്‍.ഡി.എഫ്. സമരം ഏറ്റെടുക്കുകയും ഓഫീസ് ഉപരോധിക്കുകയും ചെയ്തു.
വൈകിട്ടോടെ പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. 29നുമുമ്പ് ഭൂപടജോലി തീര്‍ത്തില്ലെങ്കില്‍ വിതുര വില്ലേജിലെ നിരവധി കാര്‍ഷിക മേഖലകള്‍ പരിസ്ഥിതി ലോല പരിധിയില്‍പ്പെടാന്‍ സാധ്യതയുണ്ട്. വില്ലേജ് ജീവനക്കാര്‍ക്ക് ഇതിനായി വേണ്ട നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉപരോധം ഒത്തുതീര്‍ക്കാനെത്തിയ നെടുമങ്ങാട് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ഷാജിബാബു അറിയിച്ചു. ശനിയാഴ്ചത്തെ എല്‍.ഡി.എഫ്. ഹര്‍ത്താല്‍ രാഷ്ട്രീയ മുതലെടുപ്പാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.