പാലോട്. റീസര്‍വേ പ്രവര്‍ത്തനങ്ങളിലെ പാളിച്ചമൂലം കുറുപുഴ വില്ലേജ് പരിധിയിലെ നൂറുകണക്കിന് ആള്‍ക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സിപിഐ നന്ദിയോട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. റീസര്‍വേയ്ക്കുശേഷം വില്ലേജ് പരിധിയിലെ ഭൂരിഭാഗം ആള്‍ക്കാര്‍ക്കും തങ്ങളുടെ വസ്തുക്കള്‍ക്കു രേഖയില്ലാതെ മറ്റു പലരുടെയും പേരിലാണു കിടക്കുന്നത്. ഇതുമൂലം കരം തീര്‍ത്തുകിട്ടാതെയും വിവാഹം, വിദ്യാഭ്യാസം, കൃഷി അടക്കമുള്ള വായ്പകള്‍ എടുക്കാനാവാതെയും ക്രയവിക്രയത്തിനോ കഴിയാതെയും ജനം ദുരിതക്കയത്തിലാണ്.
റീസര്‍വേ കഴിഞ്ഞപ്പോള്‍ പലരുടെയും വസ്തു പഴയ തണ്ടപ്പേരിലേക്കു പോയതായും ഇതു പരിഹരിച്ചു കിട്ടാന്‍ അനവധിപേര്‍ താലൂക്കില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പറയുന്നു. കഴിഞ്ഞ വര്‍ഷം കരം തീര്‍ത്ത വസ്തുക്കള്‍ പോലും റീസര്‍വേ പട്ടികയില്‍ കാണാനില്ലത്രെ. സര്‍വേ അധികൃതര്‍ പേരിനുവേണ്ടി ചില സ്ഥലങ്ങളില്‍ പോയതല്ലാതെ ഭൂരിഭാഗം വസ്തുക്കളുടെയും സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഓഫിസിലിരുന്നു തയാറാക്കുകയായിരുന്നുവെന്നും ആരോപിച്ചു.
ഈ ലിസ്റ്റ് റദ്ദ് ചെയ്തു വീണ്ടും സര്‍വേ നടത്തണം. ജനങ്ങളെ ദുരിതക്കയത്തിലാക്കിയ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ
നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ മന്ത്രിതല ഇടപെടല്‍ വേണമെന്നും അല്ലാത്തപക്ഷം ബഹുജന സമരം ആരംഭിക്കുമെന്നും സിപിഐ ലോക്കല്‍ കമ്മിറ്റി പാസാക്കിയ പ്രമേയം പറയുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഈട്ടിമൂട് രാജേന്ദ്രന്‍ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ. ശിവന്‍കുട്ടിനായര്‍ അധ്യക്ഷനായിരുന്നു.