വിതുര: മലയോരത്തെ പോളിങ് സ്റ്റേഷനുകളില്‍ വ്യാഴാഴ്ച ഉച്ചവരെ കനത്ത വോട്ടിങ്. വേനന്‍മഴ മുന്നില്‍ക്കണ്ടാണ് മിക്കവരും ഉച്ചയ്ക്കുമുമ്പ് വോട്ടുചെയ്യാനെത്തിയത്. പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകരും മഴ പ്രതീക്ഷിച്ചുതന്നെ ഉച്ചയ്ക്കുമുമ്പ് പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ശ്രദ്ധചെലുത്തി. എന്നാല്‍ തിരക്കുമാറിയശേഷം വോട്ടിടാമെന്ന് കരുതിയ പലര്‍ക്കും വിവിധ ബുദ്ധിമുട്ടുകളുണ്ടായി. ശക്തമായ വേനല്‍മഴ ഏറെസമയം നീ്ണ്ടുനിന്നത് ഉള്‍പ്രദേശങ്ങളിലുള്ള പലരെയും ബൂത്തിലേക്കുള്ള യാത്രയില്‍നിന്ന് പിന്തിരിപ്പിച്ചു. മഴ ശമിച്ചപ്പോള്‍ എത്തിയവര്‍ക്കാകട്ടെ വെളിച്ചക്കുറവ് ബുദ്ധിമുട്ടായി. പല ബൂത്തുകളിലും മെുഴുകുതിരി വെട്ടമായിരുന്നു ആശ്രയം. ആനപ്പാറ ഹൈസ്‌കൂളിലെ 21, 24 ബൂത്തുകളില്‍ കനത്ത ഇരുട്ടായത് പ്രതിഷേധത്തിനും വഴിവച്ചു. പരാതിക്കൊടുവില്‍ അധികൃതര്‍ ജനറേറ്റര്‍ വാടകയ്‌ക്കെടുത്ത് സ്‌കൂളിലെത്തിക്കുകയായിരുന്നു. വേനല്‍മഴ ആവേശം തണുപ്പിച്ചെങ്കിലും മലയോരത്ത് 70 ശതമാനത്തിനു മുകളില്‍ പോളിങ് നടന്നെന്നാണ് പ്രാഥമിക വിവരം.