അല്പം വെള്ളമുള്ളിടത്ത് മാലിന്യം
വിതുര: വരള്‍ച്ചയുടെ കടുപ്പം അറിയണമെങ്കില്‍ കല്ലാറിലെ 'ത്രിവേണി സംഗമം' എന്നറിയപ്പെടുന്ന മൂന്നാറ്റുമുക്കില്‍ വരണം. പൊന്‍മുടി മൊട്ട, ചെമ്മുഞ്ചി മല, കുളച്ചിക്കര എന്നിവിടങ്ങളില്‍ നിന്നെത്തുന്ന അരുവികള്‍ ഒന്നായി വാമനപുരം ആറെന്നപേരില്‍ ഒഴുകിത്തുടങ്ങുന്നു. ഇവിടം ഇപ്പോള്‍ കല്ലുകള്‍ മാത്രമായിരിക്കുകയാണ്.
മൂന്ന് അരുവികളില്‍ ചെമ്മുഞ്ചി മലയില്‍ നിന്നുള്ളതിനെയാണ് വാമനപുരം ആറിന്റെ ഉത്ഭവമായി കണക്കാക്കുന്നത്. മൂന്നാറ്റുമുക്കില്‍ നിന്ന് 5 കിേലാമീറ്റര്‍ മാത്രം അകലെ പൊന്നാന്‍ചുണ്ട് പാലത്തില്‍ നിന്നുള്ള കാഴ്ചയും ദയനീയം തന്നെ. കടുത്ത വേനലിലും വെള്ളം അവശേഷിക്കുന്ന ഇവിടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വന്ന് അടിഞ്ഞിരിക്കുകയാണ്.
മൂന്നാറ്റുമുക്കിനെ ഇത്തരത്തിലാക്കിയതിനുപിന്നില്‍ മണല്‍ലോബിക്ക് കാര്യമായ പങ്കുണ്ട്. മൂന്നു അരുവിയില്‍ നിന്നും മണലെടുക്കാമെന്ന കണ്ടെത്തലില്‍ ഇവര്‍ സ്ഥിരം താവളമാക്കിയപ്പോള്‍ ആറ്റിന്റെ ദിശതന്നെ ഇടയ്ക്ക് മാറിപ്പോയതായി പറയുന്നു.
പല സ്ഥലങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ക്ക് പുറമെ പൊന്നാന്‍ചുണ്ട് പാലത്തില്‍ നിന്ന് വലിച്ചെറിയുന്നവയും ഇവിടെ അടിയുന്നുണ്ട്. ഈ മാലിന്യക്കൂമ്പാരത്തിന് തൊട്ടുമുകളിലും തൊട്ടുതാഴെയും കുടിവെള്ള പമ്പ്ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.