ബാല പദ്ധതിയുടെ ഭാഗമായി വിതുര ഗവ. യുപിഎസിലെ ചുവരുകളിലൊന്നില്‍ ട്രാഫിക് നിയമങ്ങള്‍ ചിത്രീകരിച്ചപ്പോള്‍.
വിതുര. കാഴ്ചകളിലൂടെയുള്ള പഠനം കുട്ടികളുടെ ക്രിയാത്മക ഭാവിയ്ക്കു നന്നായി ഉതകുമെന്നുള്ള ചിന്ത ചായക്കൂട്ടുകളിലൂടെ ചുവരിലേക്കു പകര്‍ന്നപ്പോള്‍ സ്കൂള്‍ മുഴുവന്‍ വര്‍ണ വിസ്മയം വിരിഞ്ഞു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന പ്രൈമറി വിദ്യാലയമായ വിതുര ഗവ: യുപിഎസിലെ ചുവരുകളിലാണു കാഴ്ചയുടെ വര്‍ണ വിസ്മയമൊരുക്കിയിരിക്കുന്നത്. എസ്എസ്എയുടെ ബില്‍ഡിങ് ആസ് ലേണിങ് എയ്ഡ്(ബിഎഎല്‍എ- ബാല) എന്ന പദ്ധതിയുടെ ഭാഗമായാണു സ്കൂള്‍ ചുവരുകളില്‍ മുഴുവന്‍ ചായം തേച്ചത്. സ്കൂളിലെ ക്ളാസ് മുറികള്‍, ചുവരുകള്‍, തൂണുകള്‍, മരങ്ങള്‍ തുടങ്ങിയവയെല്ലാം പഠനോപകരണങ്ങളാക്കി മാറ്റുന്ന പദ്ധതിയാണിത്.
ചില സ്കൂളുകള്‍ ബാല പദ്ധതിയുടെ ഭാഗമായി എന്തെങ്കിലും ചിത്രങ്ങള്‍ മാത്രം കൊണ്ടു ചുവര്‍ നിറയ്ക്കുമ്പോള്‍ വിതുര സ്കൂളില്‍ മഹാത്മജി, എഴുത്തച്ഛന്‍, ടാഗോര്‍ തുടങ്ങിയ മഹാരഥന്മാരുടെ ജീവസ്സുറ്റ ചിത്രങ്ങള്‍ ചുവരില്‍ ജനിച്ചു. ശാസ്ത്രവും ഗണിതവും ഭംഗിയുള്ള ചിത്രങ്ങളില്‍ വിടര്‍ന്നു.
കുട്ടികളില്‍ ട്രാഫിക് അവബോധമുണ്ടാക്കുന്നതിനായി ഒരു ബില്‍ഡിങിന്റെ ഒരു വശം മുഴുവന്‍ ട്രാഫിക് സിഗ്നലുകളും നിയമങ്ങളുമായി ബന്ധപ്പെട്ട ഓര്‍മപ്പെടുത്തലുകളും നിറഞ്ഞു. അധ്യാപകരുടെ ആശയങ്ങള്‍ ചിത്രങ്ങളായി ചുവരിലേക്കു പകര്‍ത്തുന്നതു സ്കൂളിലെ ഡ്രോയിങ് അധ്യാപകനായ ഇ. രാജനാണ്.
എസ്എസ്എ അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് ഉദ്ദേശിച്ച രീതിയില്‍ സ്കൂള്‍ മോടി പിടിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അതിനു താങ്ങായി പിടിഎയും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയും തുക കണ്ടെത്താറുണ്ട്. പിടിഎയുടെ നേതൃത്വത്തില്‍ പ്രീപ്രൈമറി ക്ളാസ് മുറികളില്‍ ഇപ്പോള്‍ ചായം തേയ്ക്കുകയാണ്.