വിതുര: മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നിയന്ത്രണത്തിലുള്ള വിതുര അടിപറമ്പ് ജഴ്‌സിഫാമിലെ ആധുനിക ഷെഡുകളുടെ ഉദ്ഘാടനത്തിന് എത്തിയ സ്പീക്കറും മന്ത്രിയും ഷെഡുകള്‍ കാണാതെമടങ്ങി. ബുധനാഴ്ച വൈകീട്ട് 3 മണിക്ക് ഉദ്ഘാടനം നടക്കുമെന്നായിരുന്നു അറിയിപ്പ്. ഷെഡുകളുടെ നിര്‍മാണച്ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ഷെഡുകള്‍ക്ക് മുന്നില്‍ കൃത്യസമയത്ത് എത്തുകയും ചെയ്തു. ഒന്നരമണിക്കൂര്‍ വൈകി 4.30ന് മന്ത്രി കെ.പി.മോഹനനും സ്പീക്കര്‍ ജി.കാര്‍ത്തികേയനും ഫാം കവാടത്തിലെത്തി. ഷെഡുകളിലേക്ക് പോകുന്ന റോഡിലൂടെ വന്ന ഇവര്‍ പുതുതായി പണിത വിശ്രമമന്ദിരങ്ങള്‍ക്ക് സമീപം വാഹനങ്ങള്‍ നിര്‍ത്തി. ഇരുവരും വാഹനങ്ങളില്‍ നിന്നിറങ്ങിയെങ്കിലും വിശ്രമ മന്ദിരങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തുകഴിഞ്ഞെന്ന് അംഗം ആനാട് ജയന്‍ പറഞ്ഞു. ഇതുകേട്ട മന്ത്രിയും സ്പീക്കറും വാഹനങ്ങളില്‍ കയറി പിന്നോട്ടെടുത്ത് യോഗസ്ഥലത്തേക്ക് പോവുകയായിരുന്നു. പ്രസംഗശേഷവും ഷെഡുകള്‍ക്ക് അരികിലേക്ക് വരാതെ ഇരുവരും മടങ്ങി. ഷെഡുകള്‍ അലങ്കരിച്ച് ഉദ്ഘാടനത്തിനുള്ള റിബണ്‍കെട്ടി കടന്നുവരാനുള്ള പാതയും ഗതാഗത യോഗ്യമാക്കിയിരുന്നു.