പാലോട്: പരോളിലിറങ്ങി ഒളിവില്‍പ്പോയ കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി എന്നുവിളിക്കുന്ന തൊളിക്കോട് തുരുത്തി,തേവന്‍പാറ വിളയില്‍ വീട്ടില്‍ എ. ഷാജിയെ (37) പാലോട് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം, മോഷണം,പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കല്‍ തുടങ്ങി ഇരുപത്തിയഞ്ചില്‍പ്പരം കേസുകളില്‍ പ്രതിയാണ് ഷാജി. ഏപ്രില്‍ 25ന് ജയിലില്‍ നിന്നിറങ്ങിയ ശേഷം ഒന്‍പതോളം കേസുകളില്‍ ഉള്‍പ്പെട്ടു. തുരുത്തിയിലെ ഷാഫി, ഷംസ് എന്നിവരുടെ വീടുകള്‍ ആക്രമിച്ച് പണവും സ്വര്‍ണവും മോഷ്ടിച്ചു. ആര്യനാട് സ്വദേശി കണ്ണന്റെ വീട്ടില്‍ കടന്നുകയറി കഴുത്ത് അറുത്ത് മുറിവേല്‍പ്പിച്ച ശേഷം 16,000 രൂപ തട്ടിയെടുത്തു തുടങ്ങിയ കേസുകളാണ് ഏറ്റവും ഒടുവിലത്തേത്.
ഷാജിയെ ഒളിവില്‍ പാര്‍പ്പിക്കുകയും, മോഷണങ്ങള്‍ക്കും പിടിച്ചുപറിക്കും സഹായങ്ങളും ചെയ്തുകൊടുത്തു എന്ന കുറ്റത്തിന് മൂന്നു പേരെകൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊളിക്കോട്, പോങ്ങുംമൂട്, വയലരികത്ത് വീട്ടില്‍ മുജീബ് ഖാന്‍, നജീബ്ഖാന്‍, വെള്ളനാട് കൊങ്ങണംകോട് വയലരികത്ത് വീട്ടില്‍ നിഷാദ് എന്നിവരാണ് അറസ്റ്റിലായത്.
പൊന്നാംചുണ്ട് താവക്കല്‍ ആറിന്റെ സമീപത്തെ കുറ്റിക്കാട്ടിലാണ് ഷാജി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇതിന്റെ സമീപത്തു നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ആടുകള്‍ മോഷണം പോയിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആയുധങ്ങള്‍ കൊണ്ട് ആക്രമിക്കാനും ഓടി രക്ഷപ്പെടാനും ശ്രമിച്ചു.
നെടുമങ്ങാട് ഡിവൈ.എസ്.പി. റസ്റ്റം, പാലോട് സി.ഐ. ശ്യാംലാല്‍, എസ്.ഐ. ഡി. ഷിബു, മഹേഷ്, സുനിലാല്‍, സനല്‍, വിജയന്‍, സത്യന്‍, രാജേഷ്, ഷിബു, സലീം എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പോത്ത് ഷാജിയെ അറസ്റ്റ് ചെയ്തത്.