വിതുര: ഇടതുകണ്ണിന്റെ കൃഷ്ണമണിയില്‍ കുത്തിവെയ്പ് സൂചി തറച്ച് ഭാഗികമായി കാഴ്ച നഷ്ടപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ വഴിമുട്ടുകയുംചെയ്ത അനുപമ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഈ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ കഷ്ടപ്പാടുകളെപ്പറ്റി കഴിഞ്ഞ 25ന് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം പി.എം.ജി.യിലെ 'പ്രിസൈസ്' കണ്ണാശുപത്രിയാണ് സൗജന്യ ചികിത്സ നല്‍കി അനുപമയെ കാഴ്ചയുടെ ലോകത്ത് തിരികെയെത്തിച്ചത്. വാര്‍ത്ത വന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ച അനുപമയ്ക്ക് ഉടന്‍തന്നെ ഇവിടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശനിയാഴ്ച നടത്തിയ പരിശോധനയില്‍ കാഴ്ച പൂര്‍ണമായി തിരിച്ചുകിട്ടിയതായി സ്ഥിരീകരിച്ചു. ഈ സന്തോഷത്തിനൊപ്പം അനുപമയ്ക്ക് ആശുപത്രി ഡയറക്ടര്‍ ഡോ. ആഷാഡ് ശിവരാമന്‍ ഒരു ഉറപ്പുകൂടി നല്‍കി. തൈയ്ക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ 'പ്രിസൈസി'ല്‍ അനുപമയ്ക്ക് ഒരു ജോലി.
വിതുര കൊപ്പം അജിതാഭവനില്‍ അനുപമയ്ക്ക് അച്ഛനില്ല. അമ്മ രോഗിയാണ്. ജോലിചെയ്ത് പഠിക്കാന്‍ പണം കണ്ടെത്തുകയാണ് ചേച്ചി അരുണിമ. ഈ ചുറ്റുപാടിലായിരുന്നു മെയ് 15ന് ഇടിത്തീപോല കുത്തിവെയ്പ് സൂചി കണ്ണില്‍ തറച്ച് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടത്. സൂചി ഇടതുകണ്ണിന്റെ കോര്‍ണിയ കീറി ലെന്‍സ് പൊത്ത് റെറ്റിനയില്‍ കുത്തിനിന്നതായി 'പ്രിസൈസി'ല്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ശസ്ത്രക്രിയകളിലൂടെയാണ് ഇത് പരിഹരിച്ചത്. ഡോ. ജയറാം, ഡോ. കിരണ്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
മൂന്നാഴ്ചത്തെ വിശ്രമത്തിനുശേഷം അനുപമയ്ക്ക് തൈയ്ക്കാട് ആശുപത്രിയില്‍ പഠിക്കാന്‍ പോയിത്തുടങ്ങാം. പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ച് അമ്മയുടെ ചികിത്സ നടത്തണമെന്നാണ് അനുപമയുടെ ആഗ്രഹം. ഇടതുകണ്ണിന്റെ കാഴ്ച മറഞ്ഞുതുടങ്ങിയിരുന്ന ഈ പെണ്‍കുട്ടിക്ക് ഇപ്പോള്‍ ജീവിതം പ്രകാശപൂര്‍ണമാണ്.