വിതുര: പ്രതിദിന പാലുത്പാദനം ഒരു ടണ്ണിന് മുകളിലെത്തിച്ച് സംസ്ഥാനതല റെക്കോഡിട്ട ചെറ്റച്ചല്‍ ജഴ്‌സിഫാമിന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ പ്രശംസാപത്രം. തിരുവനന്തപുരം വികാസ്ഭവനിലെ ഡയറക്ടറേറ്റില്‍നിന്ന് ഡോ.എന്‍.എന്‍.ശശി അയച്ച പ്രശംസാപത്രം തപാല്‍മാര്‍ഗം കഴിഞ്ഞദിവസം ഫാമിലെത്തി. തൊഴിലാളികളെയും ഫാം അഡീഷണല്‍ ഡയറക്ടര്‍ മുഹമ്മദ് സുള്‍ഫിക്കറിനെയും അനുമോദിച്ചാണ് ഡയറക്ടര്‍ കത്തയച്ചത്. പാലുത്പാദനം കൂട്ടിയതിനും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ വിജയകരമായി ഫാമില്‍ നടപ്പാക്കിയതിനും ഡയറക്ടര്‍ തൊഴിലാളികളെ പ്രശംസിച്ചിട്ടുമുണ്ട്.
പാലുത്പാദനം താരതമ്യേന കുറയുന്ന ചൂടുകാലത്താണ് ചെറ്റച്ചല്‍ ജഴ്‌സിഫാമിന് റെക്കോഡ് നേട്ടം കൈവരിക്കാനായത്. പശുക്കള്‍ക്ക് ചൂടേല്‍ക്കുന്നത് പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടെ നടപ്പാക്കിയ പദ്ധതികളാണ് ഇതിന് സഹായിച്ചത്. ഷെഡ്ഡിനുള്ളിലെ ചൂട് വായു പുറത്ത് കളയാനായി മേല്‍ക്കൂരയില്‍ കാറ്റുകൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക ഫാനുകള്‍ ഘടിപ്പിച്ചു. കുടിക്കുന്നതിനനുസരിച്ച് വെള്ളം നിറയുന്ന ഓട്ടോമിറ്റക് പാത്രങ്ങളാണ് ഓരോ പശുവിനും മുന്നില്‍. ഫ്ലഷ് ടാങ്കിന്റെ സാങ്കേതിക സംവിധാനമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ദാഹം വരുമ്പോള്‍തന്നെ വെള്ളം കുടിക്കുന്നതിനാല്‍ ചൂടുകാലത്തെ നിര്‍ജലീകരണം ഉണ്ടാവുകയുമില്ല.