
വിതുര: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് മടക്കിയയച്ച വിതുര തള്ളച്ചിറ കുന്നംപുറത്തു വീട്ടില്‍ ശേഖര്‍ (39) വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ മരിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വിതുര സാമൂഹികാരോഗ്യകേന്ദ്രം ഉപരോധിച്ചു. പനിയെത്തുടര്‍ന്ന് ഈ മാസം 13 മുതല്‍ വിതുര ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശേഖറിനെ രക്തത്തിലെ കൗണ്ട് കുറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നത്.
ബുധനാഴ്ച രാത്രി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ദീപയെ കണ്ടെങ്കിലും ശേഖറിനെ പ്രവേശിപ്പാക്കാതെ മടക്കിയയച്ചതായാണ് പരാതി. വ്യാഴാഴ്ച രാവിലെ വിതുര ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ച മൃതദേഹം ഉച്ചവരെ ഇന്‍ക്വസ്റ്റ് നടത്താന്‍പോലും നാട്ടുകാര്‍ സമ്മതിച്ചില്ല. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എല്‍. കൃഷ്ണകുമാരിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തി. നെടുമങ്ങാട് തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, ജില്ലാ അഡീഷണല്‍ മെഡിക്കലോഫീസര്‍ ഡോ. അനു സി. കൊച്ചുകുഞ്ഞ് എന്നിവരെത്തി ഡി.എം.ഒ.യുമായി ഫോണില്‍ ബന്ധപ്പെട്ടു.
ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ 24 മണിക്കൂറിനകം നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയശേഷമാണ് പ്രതിഷേധ തണുത്തത്. ഉച്ചയ്ക്ക്‌ശേഷം പോസ്റ്റുമോര്‍ട്ടത്തിന് അയച്ച മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വിതുര ജഴ്‌സിഫാമിലെ താല്‍ക്കാലിക െതാഴിലാളിയായിരുന്നു ശേഖര്‍. ഭാര്യ: ശോഭന. മക്കള്‍: സോന, സ്‌നേഹ.


