പാലോട്. എലിപ്പനിയാണെന്നു സംശയിക്കുന്നു; ചികില്‍സയിലായിരുന്ന പാലോട് കുറുന്താളി കിഴക്കുംകര വീട്ടില്‍ കെട്ടിടനിര്‍മാണ തൊഴിലാളി ഷൈജു എന്നു വിളിക്കുന്ന പ്രശാന്ത് (34) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. ഒരാഴ്ച മുന്‍പു പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നു പാലോട് സിഎച്ച്സിയില്‍ നിന്നു മരുന്നു വാങ്ങി കഴിച്ചുവരവെ ബുധനാഴ്ച പനി കടുത്തതിനെ തുടര്‍ന്നു പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവിടെ നിന്ന് ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയ ഷൈജു ഒന്നര മണിയോടെ മരിക്കുകയായിരുന്നു. ഡെത്ത് റിപ്പോര്‍ട്ടില്‍ എലിപ്പനിയാണെന്നു സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിന്റെ ലക്ഷണങ്ങളായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. രക്തസാംപിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഷൈജുവിനെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.



