തിരുവനന്തപുരത്ത് ആദിവാസി സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭാശയ രോഗം വ്യാപകമാകുന്നു. വിവിധ കോളനികളിലായി ആറു മാസത്തിനുള്ളില്‍ ആറുപേരുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു. മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കണമെന്ന് ഊരുനിവാസികള്‍ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ല.
പാലോടിന് സമീപമുള്ള പോട്ടോമാവ്, കല്ലംങ്കുടി എന്നീ ആദിവാസി കോളനികളിലാണ് ഗര്‍ഭാശയ രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. പോട്ടോമാവ് ആദിവാസി കോളനിയില്‍ മാത്രം പതിനഞ്ചോളം സ്ത്രീകള്‍ക്ക് ഗര്‍ഭാശയ രോഗങ്ങള്‍ ഉള്ളതായി വിവിധ സന്നദ്ധ
സംഘടനകള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മരുന്നുകള്‍ ഫലിക്കാത്തതിനെ തുടര്‍ന്ന് ഇതില്‍ അഞ്ചു പേരുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു. ഒട്ടേറെ പേര്‍ ഗര്‍ഭാശയ രോഗം മൂലം വലയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിനോട് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ രോഗത്തെക്കുറിച്ച് ഡോക്ടര്‍മാരോട് പറയാന്‍ മടിയാണ്.
അതുകൊണ്ടുതന്നെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് ഇവര്‍ ചികിത്സ തേടി പോകുന്നത്. അപ്പോഴേക്കും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് രോഗസ്ഥിതി മാറിയിട്ടുണ്ടാകും. ഊരിലുള്ള ഭൂരിഭാഗം പേരും ഗര്‍ഭാശയ രോഗം മൂലം ബുദ്ധിമുട്ടുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.
ഊരിലെത്തുന്ന ആരോഗ്യപ്രവര്‍ത്തകരോട് പ്രശ്‌നം ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും പ്രത്യേക മെഡിക്കല്‍ ക്യാമ്പോ ബോധവല്‍ക്കരണ പരിപാടികളോ സംഘടിപ്പിക്കാന്‍ തയ്യാറായിട്ടില്ല.