പാലോട്. നൂറുകണക്കിനു ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ പനങ്ങോട് ആയിരവില്ലി (കിരാതമൂര്‍ത്തി) ക്ഷേത്രത്തില്‍ ആയിരവില്ലി തമ്പുരാന്റെയും പരിവാരമൂര്‍ത്തികളുടെയും പ്രതിഷ്ഠാചടങ്ങുകള്‍ നടന്നു. വാദ്യമേളങ്ങളും വേദമന്ത്രങ്ങളും അലയടിച്ച അന്തരീക്ഷത്തില്‍ മണിക്കൂറുകള്‍നീണ്ട ചടങ്ങുകള്‍ക്കു ക്ഷേത്ര തന്ത്രി വീരണകാവ് കൃഷ്ണന് പോറ്റി കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു ദ്രവ്യകലശാഭിഷേകം, മഹാകുംഭാഭിഷേകം, പ്രസന്നപൂജ, പടിത്തര സമര്‍പ്പണം, അഷ്ടബന്ധലേപനം, കലശാഭിഷേകങ്ങള് എന്നീ വിശേഷാല്‍പൂജകളും സമൂഹസദ്യയും നടന്നു. വൈകുന്നേരം നടന്ന പൊങ്കാലയില്‍ അനവധി സ്ത്രീഭക്തജനങ്ങള്‍ പങ്കെടുത്തു. നൃത്തസന്ധ്യയും അരങ്ങേറി