വിതുര: മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ നടപടികളെടുത്ത് കല്ലാറിനെ അപകടരഹിത വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍. ജില്ലാ ടൂറിസം െപ്രാമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കല്ലാറില്‍ പണിപൂര്‍ത്തിയാവുന്ന ക്യാംപിങ് സെന്റര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
മീന്‍മുട്ടിയിലും കല്ലാറിലുമുണ്ടാകുന്ന മുങ്ങിമരണങ്ങളാണ് ഈ മനോഹര കേന്ദ്രത്തിന്റെ ശാപമെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു. കയങ്ങള്‍ക്കരികിലേക്ക് സഞ്ചാരികള്‍ എത്താത്തരീതിയില്‍ കാട്ടുചോലയുടെ സൗന്ദര്യം നുകരാനുള്ള മാര്‍ഗമാണ് തേടുന്നതെന്ന് ഡി.ടി.പി.സി. അധ്യക്ഷന്‍ കൂടിയായ ബിജു പ്രഭാകര്‍ പറഞ്ഞു. മതിയായ താമസ സൗകര്യം ലഭ്യമാവുന്നതോടെ പ്രധാന മലയോര വിനോദ കേന്ദ്രമായി കല്ലാര്‍ മാറും. ക്യാംപിങ് സെന്ററിലേക്ക് പ്രധാന റോഡില്‍ നിന്ന് പെട്ടെന്ന് കയറാനുള്ള വഴി നിര്‍മിക്കുമെന്നും അദ്ദേഹം അറിയിച്ചു.