വിതുര: പരിശീലനത്തിനുള്ള ആധുനിക സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്ത മലയോരമേഖലയില്‍ നിന്ന് ഒരു പഞ്ചഗുസ്തി ചാമ്പ്യന്‍. തിരുവനന്തപുരം വൈ.എം.സി.എ. ഹാളില്‍നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലാണ് വിതുര ഗോകുല്‍ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സില്‍ രഞ്ജിത് ഇസ്രായേല്‍ (27) ഒന്നാമതെത്തിയത്. സീനിയര്‍ 70 കിലോ വിഭാഗത്തിലാണ് രഞ്ജിത് മെഡല്‍ നേടിയത്.
ആറുമാസം മുമ്പ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വയനാട്ടില്‍ സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിലും രഞ്ജിത് ചാമ്പ്യനായിരുന്നു. വനംവകുപ്പ് അപൂര്‍വമായി മാത്രം നല്‍കുന്ന ഗ്രീന്‍പാസ്‌പോര്‍ട്ട് സ്വന്തമായുള്ള ഈ കെമിസ്ട്രി ബിരുദധാരി ഉള്‍വനങ്ങളിലെ സ്ഥിരം സഞ്ചാരിയാണ്. പരിസ്ഥിതി സ്‌നേഹം മുന്‍നിര്‍ത്തി ജൈവ വൈവിധ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന രഞ്ജിത്തിന്റെ ക്വാര്‍ട്ടേഴ്‌സ് നിറയെ പഞ്ചഗുസ്തി മെഡലുകളാണ്. ജോര്‍ജ് ജോസഫ്-ഐവി ദമ്പതിമാരുടെ മകനായ രഞ്ജിത് ഇസ്രായേലിന്റെ സ്വപ്‌നം എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്നതാണ്.

