പാലോട്. അച്ഛനും മകനും തമ്മിലുള്ള അടിപിടിക്കിടെ തലയടിച്ചു വീണു ചികില്‍സയിലായിരുന്ന മകന്‍ മരിച്ചു. നന്ദിയോട് കാലംങ്കാവ് പൂവണത്തുംകോണം കിഴക്കുംകര പുത്തന്‍വീട്ടില്‍ നന്ദിയോട് ടാക്സി സ്റ്റാന്‍ഡിലെ ക്ളീനര്‍ അനി(22) ആണ് മരിച്ചത്. പിതാവ് കുമാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 29നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പിതാവും മകനും തമ്മില്‍ ഉണ്ടായ വഴക്ക് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ അനി മുറ്റത്തു തലയടിച്ചു വീണു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അനി ഇന്നലെ രാവിലെയാണു മരിച്ചത്. ആര്യനാട് സിഐ മഞ്ചുലാല്‍, പാലോട് എസ്ഐ: ഡി. ഷിബുകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അനിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നു. ചോദ്യം ചെയ്തു വരുന്ന പ്രതിയെ ഇന്ന് റിമാന്‍ഡ് ചെയ്തേക്കും.

