പാലോട്: പാലോട്-പേരയം പാലുവള്ളി, പനവൂര്‍ പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നല്‍കുന്നില്ലെന്ന് പരാതി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലും പാരലല്‍ കോളേജുകളിലും പഠിക്കുന്ന കുട്ടികളെ ഒരുപോലെ കണ്സഷനില്നിന്നും ഒഴിവാക്കുന്നതില്‍ വിദ്യാര്‍ഥികള്‍ നെടുമങ്ങാട് ആര്.ടി.ഒ., പാലോട് എസ്.ഐ. എന്നിവര്‍ക്ക് പരാതിനല്‍കി.
കണ്സഷന് അനുവദിക്കാത്തതിനാല്‍ പ്രതിദിനം 20 ഉം, 30-ഉം രൂപ മുടക്കിയാണ് കുട്ടികള്‍ വിദ്യായലങ്ങളിലും പാരലല്‍ കോളേജുകളിലും വന്നുപോകുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളെ ഏറെ ദുരിതത്തിലാക്കുന്നു. പാരലല്‍കോളേജ് വിദ്യാര്‍ഥികള്‍ക്ക് െക.എസ്.ആര്.ടി.സി. കണ്സഷന് അനുവദിക്കുന്നുണ്ട്. എന്നിട്ടും സ്വകാര്യ ബസ്സുകള്‍ ഈ ആനുകൂല്യം നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കണ്സഷന് അനുവദിക്കാത്ത വിഷയത്തില്‍ കഴിഞ്ഞദിവസം പാലുവള്ളിക്കുസമീപം രക്ഷിതാക്കള്‍ സ്വകാര്യബസ് തടഞ്ഞിട്ട് പ്രതിഷേധിച്ചിരുന്നു.