പാലോട്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള നന്ദിയോട് പച്ച എല്‍പിഎസിന് അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്താനായി ബാംഗൂര്‍ ശ്രീഹര്‍ണം ദാസ്കപൂര്‍ ട്രസ്റ്റ് ഒരു ലക്ഷംരൂപ നല്‍കി. ദേശീയ നീന്തല്‍ പരിശീലകനും ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ എസ്. പ്രദീപ്കുമാറിന്റെ ശ്രമഫലമായാണു തുക ലഭ്യമായത്. ഈ തുകയും സ്കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പക്കല്‍നിന്നു സ്വരൂപിച്ച 30,000 രൂപയും ഉപയോഗിച്ചു തയാറാക്കിയ ലൈബ്രറി, പുകയില്ലാത്ത അടുപ്പ്, ശിശുസൌഹൃദ ഫര്‍ണിച്ചര്‍ എന്നിവയുടെ ഉദ്ഘാടനവും കൈമാറ്റവും കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്നു. സംരക്ഷണ സമിതി ചെയര്‍മാന്‍ കെ. ചക്രപാണിയുടെ അധ്യക്ഷതയില്‍ അമൃതാ ടിവി വാര്‍ത്താ അവതാരകന്‍ വി.എസ്. കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു. കവി ചായം ധര്‍മരാജന്‍ ലൈബ്രറി ഉദ്ഘാടനവും എഇഒ വി. പത്മകുമാര്‍ ഫാര്‍ണിച്ചറുകളുടെ കൈമാറ്റവും നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ഓമനയമ്മ, പത്മാലയം മിനിലാല്‍, പി. അപ്പുക്കുട്ടന്‍നായര്‍, പി. മോഹനന്‍, ലൈലാ ചന്ദ്രചൂഡന്‍, കെ. ശിവദാസന്‍, ഡോ. സജീവ്കുമാര്‍, എസ്.എസ്. മോഹനന്‍, പി. സനില്‍കുമാര്‍, ജി. രാജേഷ്, ഡി. ബിജു എന്നിവര്‍ പ്രസംഗിച്ചു.


