പാലോട്: നന്ദിയോട് പഞ്ചായത്ത് വക ചന്തയില്‍ മാലിന്യനീക്കം നിലച്ചു. ഇതോടെ പലഭാഗത്തായി മാലിന്യം അടിഞ്ഞുകൂടി. ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി. മഴക്കാല പൂര്‍വശുചീകരണത്തിന് ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ചന്തയുടെ സ്ഥിതി ദയനീയംതന്നെ. ചന്തയോട് ചേര്‍ന്നുള്ള കടകളില്‍ ഈച്ചശല്യവും രൂക്ഷമായി.
നന്ദിയോട് ചന്തയില്‍നിന്നുള്ള ചെറിയ തോട് ചെന്നുചേരുന്നത് ആലംപാറ തോട്ടിലാണ്. ചന്തയില്‍ നിന്നുള്ള സകലമാലിന്യവും ഈ വെള്ളക്കെട്ടില്‍നിന്നും തോട്ടില്‍ എത്തുന്നു. ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ആഴ്ചയില്‍ രണ്ട് ചന്തദിനങ്ങളാണ് നന്ദിയോട്ട്. ഓരോ ആഴ്ച പിന്നിടുമ്പോഴും മാലിന്യത്തിന്റെ അളവ് വര്‍ധിച്ചുവരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഇവിടെ നിന്നുള്ള മാലിന്യനീക്കം നിലച്ചിട്ട്. മഴക്കാല പൂര്‍വശുചീകരണത്തിനായി ഓരോവാര്‍ഡിനും 25000 രൂപയാണ് അനുവദിച്ചിരുന്നത്. എന്നിട്ടും നന്ദിയോട് വാര്‍ഡില്‍ ഉള്‍പ്പെട്ട ചന്തയും പരിസരപ്രദേശങ്ങളും ഗതികെട്ട അവസ്ഥയില്‍തന്നെ.


