വിതുര: പൊന്‍മുടി സംസ്ഥാന ഹൈവേയിലെ 109 വര്‍ഷം പഴക്കമുള്ള ചിറ്റാര്‍ പാലത്തിന്റെ ബലക്ഷയം, പുതിയ പാലത്തിന്റെ സാധ്യത എന്നിവ പഠിക്കാനായി മൂന്നര ലക്ഷം രൂപ അനുവദിച്ചു. ചിറ്റാറിലെ പുതിയ പാലത്തിന്റെ നിര്‍മാണം, മഴയില്‍ തകര്‍ന്ന പൊന്‍മുടി, ബോണക്കാട് റോഡുകളുടെ പുനരുദ്ധാരണം, കല്ലാര്‍ 27ലെ പാര്‍ശ്വഭിത്തി എന്നിവയ്ക്കായി 11.37 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച ചിറ്റാര്‍ പാലം സന്ദര്‍ശിച്ച ശേഷം സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലത്തില്ലാതിരുന്ന സ്പീക്കര്‍ തിങ്കളാഴ്ചയാണ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ദുരിതാശ്വാസ ക്യാമ്പുകള്‍, കല്ലാര്‍ അംബേദ്കര്‍ കോളനി, മറ്റ് ദുരിതബാധിത മേഖലകള്‍ എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജോര്‍ജ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ തുടങ്ങിയവര്‍ അനുഗമിച്ചു.