പെരിങ്ങമ്മല: പത്തുപറ കണ്ടം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്യാനിറങ്ങുമ്പോള്‍ ഈ കൂട്ടായ്മയ്ക്ക് ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. എന്നാല്‍ വിളവ് എടുക്കാനിറങ്ങുമ്പോള്‍ നൂറുമേനി നെല്ല്. വട്ടപ്പന്‍കാട് സംഘജ്യോതി പുരുഷകര്‍ഷകസംഘത്തിന്റെ ആദ്യശ്രമമാണ് വിജയത്തിലെത്തുന്നത്. നന്ദിയോട് ഗ്രാമപ്പഞ്ചായത്തില്‍ വയല്‍ ഇല്ലാതെ വന്നതോടെ പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരത്തിലാണ് ഇവര്‍ കണ്ടം പാട്ടത്തിനെടുത്തത്.
'ഉമ' ഇനത്തില്‍പ്പെട്ട നെല്ലാണ് ഇവര്‍ കൃഷിക്ക് തിരഞ്ഞെടുത്തത്. നന്ദിയോട് / പെരിങ്ങമ്മല കൃഷിഭവനുകളുടെയും പെരിങ്ങമ്മല നോര്‍ത്ത്പാടശേഖരസമിതിയുടെയും പ്രോത്സാഹനം തങ്ങള്‍ക്കുണ്ടായിരുന്നെന്ന് സംഘം പ്രസിഡന്റ് മോഹനനും സെക്രട്ടറി സജീഷും പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് വട്ടപ്പന്‍കാട്ടില്‍ തന്നെ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ഭൂമിയില്‍ നിന്നും ഇവര്‍ വാഴയും പയറും വിളവെടുത്തു തുടങ്ങി. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പാട്ടഭൂമിയില്‍ നിന്ന് നൂറുമേനി നെല്ല് വിളയിക്കുന്നതും.