WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, October 24, 2014

വെള്ളപ്പൊക്കത്തില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല

പാലോട്: വെള്ളപ്പൊക്കത്തില്‍ ഒറ്റരാത്രികൊണ്ട് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട പാലോട്ടെ എണ്‍പതിലധികം കട ഉടമകളും കച്ചവടക്കാരും പഴയ സ്ഥിതിയിലെത്താനാവാതെ നെട്ടോട്ടത്തില്‍.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന സഹായങ്ങളെല്ലാം ജലരേഖകളായി മാറി. ചില്ലിക്കാശിന്റെ ധനസഹായംപോലും എവിടെനിന്നും ലഭിച്ചില്ല. അപേക്ഷകളുമായി ഇവര്‍ ഇപ്പോഴും താലൂക്ക് ഓഫീസിലും പഞ്ചായത്ത് പടിക്കലും കയറിയിറങ്ങുന്നു. ആഗസ്ത് 22 വെള്ളിയാഴ്ച രാത്രിയിലായിരുന്നു കനത്ത മഴയില്‍ നദി കലിതുള്ളി കരകവിഞ്ഞൊഴുകിയത്.
പാലോട് ആശുപത്രി ജങ്ഷനിലെ 26 കടകളും പാലോട് ടൗണിലെ 54 കടകളുമാണ് അന്ന് വെള്ളത്തിനടിയിലായത്. വെള്ളം കുത്തിയൊഴുകി വന്നതിനാല്‍ പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. കടകള്‍ അടച്ച് പലരും വീടുകളില്‍ പോയശേഷമായിരുന്നു വെള്ളപ്പൊക്കം. അതുകൊണ്ടുതന്നെ ഒന്നും മാറ്റാന്‍ ആര്‍ക്കും സാധിച്ചില്ല.
കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍, പക്ഷിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍, അക്വേറിയങ്ങള്‍ എന്നിവിടങ്ങളിലെ ജീവികള്‍ ചത്തൊടുങ്ങി. നഴ്‌സറികള്‍ അഴുകി നശിച്ചു. മലവെള്ളം ഇറങ്ങിയശേഷം കടകള്‍ ചെളിമയമായി. ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഴുവന്‍ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ കച്ചവടക്കാര്‍ക്കും ഉണ്ടായത്.
റവന്യു ഉദ്യോഗസ്ഥര്‍ സബ്കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടങ്ങള്‍ കണക്കാക്കിയിരുന്നു. ഉടന്‍തന്നെ അപേക്ഷകള്‍ നല്‍കാനും നിര്‍ദേശമുണ്ടായി. പക്ഷേ, അപേക്ഷനല്‍കി മാസം രണ്ടുകഴിഞ്ഞിട്ടും ഒരു സഹായവും ആര്‍ക്കും കിട്ടിയില്ല. കടകള്‍ പൂര്‍ണമായും നശിച്ചുപോയവരും കൂട്ടത്തിലുണ്ട്. അവര്‍ക്ക് അടിയന്തരമായി സഹായം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ നിയമസഭയിലെത്തിക്കാമെന്ന എം.എല്‍.എ.യുടെ വാഗ്ദാനവും എത്തുമെത്തിയില്ല.
പാലോട് കരിമണ്‍കോട് റോഡില്‍ സര്‍വീസ് സഹകരണ ബാങ്ക് മുതല്‍ പാപ്പനംകോട് സര്‍വീസ് സ്റ്റേഷന്‍വരെയുള്ള കടകളും പ്ലാവറ റോഡുവരെയുമുള്ള കടകളുമാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്. ഇതില്‍ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടും. ലക്ഷങ്ങള്‍ മുടക്കിവാങ്ങിയ ലബോറട്ടറി ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവരും കൂട്ടത്തിലുണ്ട്.
നഷ്ടപരിഹാരത്തിന്റെ വിവരത്തെപ്പറ്റി വില്ലേജ് ഓഫീസില്‍ അന്വേഷിച്ചാല്‍ 'ഫയലുകളെല്ലാം താലൂക്ക് ഓഫീസിലാണ്' എന്നാണ് മറുപടിയെന്ന് വ്യാപാരികള്‍ പറയുന്നു. ധനസഹായം ഇനിയും ലഭ്യമാകാത്തതില്‍ അധികൃതരുടെ അനാസ്ഥയുണ്ടെന്നും ഇത് തുടരുകയാണെങ്കില്‍ വ്യാപാരികള്‍ തിരുവനന്തപുരം-തെങ്കാശി റോഡ് ഉപരോധിച്ചുകൊണ്ടുള്ള സമര പരിപാടികളുമായി രംഗത്തുവരുമെന്നും വ്യാപാരി സംഘടനകള്‍ പറയുന്നു.