വിതുര: അഞ്ചുമാസത്തെ അനിശ്ചിതത്ത്വത്തിനുശേഷം ബോണക്കാട് മഹാവീര്‍തോട്ടം വ്യാഴാഴ്ച തുറന്നു. ഒരാഴ്ചമുമ്പ് ലേബര്‍ കമ്മീഷണറുമായുണ്ടാക്കിയ കരാറനുസരിച്ചാണ് മാനേജ്‌മെന്റ് തോട്ടം തുറന്നത്. കരാര്‍പ്രകാരം ഒരുമാസത്തെ കുടിശ്ശിക ശമ്പളം തിങ്കളാഴ്ച വിതരണം ചെയ്തതിനുശേഷമാണ് വ്യാഴാഴ്ച തോട്ടം തുറന്നത്. എസ്റ്റേറ്റ് തുറന്നതിന്റെ ആഹ്ലൂദം കൂടുതല്‍ തൊഴിലാളികള്‍ക്കുമില്ലായിരുന്നു. പാകമായിക്കൊണ്ടിരിക്കുന്ന കുരുമുളകില്‍ കണ്ണുെവച്ചാണ് ഇതുവരെ മുങ്ങിനടന്ന മാനേജ്‌മെന്റ് ഇപ്പോള്‍ തോട്ടം തുറന്നതെന്നാണ് ഇവര്‍ പറയുന്നത്. കോതഗിരിയില്‍നിന്ന് ഒരു മാനേജര്‍ എത്തിയതുമാത്രമാണ് ഇത്തവണത്തെ തോട്ടം തുറക്കലിലുള്ള പുതുമ.